റിയാദ് – അറുപതു കൊല്ലത്തെ സമ്പന്നമായ ചരിത്രത്തിന് അന്ത്യം കുറിച്ച്, സൗദിയിലെ ഏറ്റവും പ്രചാരമേറിയ ദിനപത്രമായ അല്‍ റിയാദ് അച്ചടി അവസാനിപ്പിക്കുന്നു. 1965 ല്‍ സ്ഥാപിതമായ പത്രം അച്ചടി നിർത്തുകയാണെന്ന് അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റോറിയല്‍ പ്രവർത്തനം തുടരുമെന്നും ഡിജിറ്റല്‍ കോപ്പികള്‍ ലോകത്തെവിടെയും വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുമെന്നും അൽ റിയാദ് അറിയിച്ചു. ഓഗസ്റ്റ് 24 ന് പത്രം അച്ചടി അവസാനിപ്പിക്കും. അല്‍റിയാദ് ദിനപത്രം പ്രസിദ്ധീകരിക്കുന്ന അല്‍യെമാമ എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ ആദ്യ പ്രസിദ്ധീകരണമായ അല്‍യെമാമ മാസികയും ഇതോടൊപ്പം അച്ചടി അവസാനിപ്പിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രം സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് അറബിയില്‍ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ ദിനപത്രമായിരുന്നു അല്‍റിയാദ്, തുടക്കത്തില്‍ കുറഞ്ഞ പേജുകളാണുണ്ടായിരുന്നത്. ഒടുവില്‍ ദിവസേന 52 പേജുകളില്‍ എത്തി. അതില്‍ 32 കളര്‍ പേജുകളായിരുന്നു. 100 ലേറെ പേജുള്ള ലക്കങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും പ്രതിദിനം ഒന്നര ലക്ഷത്തിലേറെ കോപ്പികളുടെ സര്‍ക്കുലേഷന്‍ നിരക്കും രേഖപ്പെടുത്തിയിരുന്നു.
പത്രത്തിന്റെ ചരിത്രത്തിലുടനീളം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ അന്ധകാര പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരായി അല്‍റിയാദ് പ്രബുദ്ധതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പ്രശ്നങ്ങള്‍ക്കു വേണ്ടി ശക്തമായ പ്രതിരോധം തീര്‍ത്ത അല്‍റിയാദ്, സൗദി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്.
പരേതനായ തുര്‍ക്കി അല്‍സുദൈരി അടക്കം ഏതാനും പ്രമുഖ പത്രപ്രവര്‍ത്തകര്‍ അല്‍റിയാദിന്റെ എഡിറ്റര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദി, ഗള്‍ഫ്, അറബ് പത്രപ്രവര്‍ത്തന മേഖലയിലെ അതികായനായ, തുര്‍ക്കി അല്‍സുദൈരി ഏകദേശം 40 വര്‍ഷത്തോളം അല്‍റിയാദിന്റെ എഡിറ്റര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചു.
ലോകമെങ്ങും, വിശിഷ്യാ സൗദിയിലും ഗള്‍ഫിലും പരമ്പരാഗത മാധ്യമ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളും വെല്ലുവിളികളുമാണ് അച്ചടി പതിപ്പ് നിര്‍ത്താന്‍ അല്‍റിയാദിനെയും പ്രേരിപ്പിച്ചത്. നവമാധ്യമങ്ങളുടെ കടന്നുവരവും സോഷ്യല്‍ മീഡിയയുടെ ബാഹുല്യവും ചെലവുകള്‍ കുത്തനെ വര്‍ധിച്ചതും പരസ്യ വരുമാനം കുറഞ്ഞതും വിതരണ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളും സൗദിയിലെ മറ്റു പത്രങ്ങളെ പോലെ അല്‍റിയാദിനെയും ബാധിക്കുകയായിരുന്നു. സൗദിയില്‍ അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം അടക്കം വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്ന പല പത്രങ്ങളും ഇതിനകം തന്നെ അച്ചടി നിര്‍ത്തുകയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.







