റിയാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളും സമ്മാന പദ്ധതികളുമായി മാർക്ക് & സേവ് ഹൈപ്പർമാർക്കറ്റ്. രണ്ട് മാസം നീണ്ടുനിൽക്കുന്ന ‘ഗോൾഡ് എൻ ഡ്രൈവ്’ പ്രമോഷണൽ കാമ്പയിന് തുടക്കമായതായി ഹൈപ്പർമാർക്കറ്റ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 10 മുതൽ ഏപ്രിൽ 10 വരെയാണ് മെഗാ പ്രമോഷൻ നടക്കുന്നത്.
നാല് ടൊയോട്ട അർബൻ ക്രൂയിസർ കാറുകൾ, നൂറ് പേർക്ക് ഓരോ ഗ്രാം സ്വർണ്ണ നാണയങ്ങൾ, എട്ട് ഐഫോൺ 17 പ്രോ മാക്‌സ് സ്മാർട്ട്‌ഫോണുകൾ എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ നറുക്കെടുപ്പ് മാർച്ച് 5-നും, മെഗാ ഡ്രോ ഏപ്രിൽ 10-നും നടക്കും. റിയാദിലെ എക്സിറ്റ് 26-ലുള്ള ഫ്‌ലാമിംഗോ പാർക്ക്, ഖുറൈസ് മാൾ, കൂടാതെ അൽകോബാർ, അൽഹസ എന്നിവിടങ്ങളിലെ മാർക്ക് & സേവ് ശാഖകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാൻ അവസരമുണ്ട്.


റമദാൻ ഷോപ്പിംഗ് കൂടുതൽ സന്തോഷകരവും ലാഭകരവുമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി റീജിയൺ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട് പറഞ്ഞു. റമദാൻ ആവശ്യങ്ങൾക്കുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരേ കുടക്കീഴിൽ മികച്ച വിലയിൽ ലഭ്യമാണെന്നും, ഷോപ്പിംഗിന് കൂടുതൽ മൂല്യം നൽകുന്ന സർപ്രൈസ് ഗിഫ്റ്റുകളും സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും ബയിംഗ് ഹെഡ് അഷ്റഫ് പുതുപ്പള്ളി വ്യക്തമാക്കി. ജിസിസിയിലുടനീളം നൂറോളം ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം വൻകിട പ്രമോഷനുകൾ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ മുസ്തഫ, തലാൽ അൽഹർബി, റംഷീദ് എന്നിവരും പങ്കെടുത്തു.



