റിയാദ്- സൗദി അറേബ്യയിലെ റീട്ടെയ്ൽ മേഖലയിൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി റിയാദിലും ദമ്മാമിലും പുതിയ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്. റിയാദിലെ സുവൈദിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റും ദമ്മാമിലെ ഫൈസലിയയിൽ ലുലു എക്സ്പ്രസ് സ്റ്റോറുമാണ് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തത്. രാജ്യത്ത് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
റിയാദ് സുവൈദിയിലെ നാലരലക്ഷത്തോളം സ്ക്വയർ ഫീറ്റിൽ ഒരുക്കിയ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം സൗദി നിക്ഷേപ മന്ത്രാലയം ഡയറക്ടർ മുഹമ്മദ് ഖാലിദ് അൽ ഷൽഫാൻ, സൗദിയിലെ യുഎഇ അംബാസഡർ മതർ സലീം അൽദഹേരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി എന്നിവയ്ക്ക് പുറമെ ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


ദമ്മാം ഫൈസലിയയിലെ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യാ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മൻസൂർ അൽ ബിനാലി നിർവ്വഹിച്ചു. 33,000 സ്ക്വയർ ഫീറ്റിലുള്ള ഈ സ്റ്റോറിനോടൊപ്പം ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് കേന്ദ്രമായ ‘ലോട്ട്’ (LOTT) കൂടി പ്രവർത്തനമാരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. 22 റിയാലിൽ താഴെ വിലവരുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ‘ലോട്ട്’ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. മികച്ച പാർക്കിംഗ് സൗകര്യവും ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പുതിയ രണ്ട് സ്റ്റോറുകളിലും ലുലു ഒരുക്കിയിട്ടുണ്ട്.



