ന്യൂയോർക്ക്- ഇറാനെതിരായ ഐക്യരാഷ്ട്രസഭാ ഉപരോധങ്ങൾ നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കത്തെ എതിർത്ത് റഷ്യയും ചൈനയും. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിൽ അമേരിക്കയുടെ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തപ്പോൾ പാകിസ്താനും സൊമാലിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിർത്ത് വോട്ട് ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു.
2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട യു.എൻ പ്രമേയങ്ങളുടെ കാലാവധി 2025 ഒക്ടോബറിൽ അവസാനിച്ചതാണെന്നും അതിനാൽ ഉപരോധം നിരീക്ഷിക്കുന്ന സമിതിയുടെ കാലാവധി നീട്ടുന്നതിന് നിയമപരമായ അടിത്തറയില്ലെന്നുമാണ് റഷ്യൻ പ്രതിനിധി വാസിലി നെബൻസിയ വ്യക്തമാക്കിയത്. അനാവശ്യമായ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സമ്മർദ തന്ത്രങ്ങളും ഒഴിവാക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു.
സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ യു.എസ് അനുമതി, ഇടപാട് 2,430 കോടി ഡോളറിന്റേത്
സ്വതന്ത്ര നിരീക്ഷണ സമിതി ഇല്ലാതാകുന്നതോടെ ഉപരോധ ലംഘനങ്ങൾ കണ്ടെത്താനുള്ള പ്രധാന സംവിധാനമാണ് രക്ഷാസമിതിക്ക് നഷ്ടമാകുന്നതെന്ന് യു.എൻ ഡെപ്യൂട്ടി അംബാസഡർ ജെന്നിഫർ ലൊസെറ്റ കുറ്റപ്പെടുത്തി. റഷ്യയും ചൈനയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് പ്രമേയത്തെ അട്ടിമറിച്ചതെന്നും യു.എസ് ആരോപിച്ചു.
അതേസമയം സമിതിയുടെ കാലാവധി നീട്ടാനുള്ള പ്രമേയം പരാജയപ്പെട്ടെങ്കിലും ഇറാനെതിരെയുള്ള മറ്റ് അന്താരാഷ്ട്ര സാമ്പത്തിക- ആയുധ ഉപരോധങ്ങൾ നിലവിൽ പൂർണ്ണമായി തുടരുമെന്ന് യു.കെ പ്രതിനിധി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. സെപ്റ്റംബർ 26ഓടെയാണ് നിരീക്ഷണ സമിതിയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുക.







