ബിഗ് ടി.വിയിലൂടെ വംശീയതയും വർഗീയതയും പടർത്താൻ ശ്രമിച്ചതിന് അപർണ കുറുപ്പിന് എതിരെ കേസെടുക്കാനും അപർണ കുറുപ്പിനെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അബ്ദുല്ല ബാസിലിന് എതിരായ കേസ് മരവിപ്പിക്കാനും തീരുമാനിച്ചതോടെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ്.
സോഷ്യൽ മീഡിയയിലൂടെ മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ നടത്തിയ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) പി. വിജയനോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിക്കുകയും ചെയ്തു. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് കേസടുത്തത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീമിന്റെ പരാതിയിലാണ് കേസ്.
ഇന്നലെ ഡോ. അബ്ദുൽ ബാസിലിന് എതിരെ പോലീസ് കേസെടുത്തതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. മാധ്യമ പ്രവർത്തകയുടെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എതിരെ കേസെടുത്തത് എന്തു തരം നീതിയാണ് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യം. ആഭ്യന്തര വകുപ്പ് ഇപ്പോഴും സംഘ്പരിവാർ അജണ്ടകളിൽ തന്നെയാണ് മുന്നോട്ടുപോകുന്നത് എന്ന വാദവും ചിലർ ഉയർത്തി. കോൺഗ്രസ് നേതാവ് ജിന്റോ ജോൺ അടക്കമുള്ളവർ ശക്തമായ പ്രതിഷേധമാണ് പോലീസ് നടപടിക്ക് എതിരെ ഉയർത്തിയത്.
നീതിയും നിയമവും എല്ലാവർക്കും തുല്യമായി വിതരണം ചെയ്യപ്പെടണമെന്നും സംഘികളെ കാണുമ്പോൾ വിറക്കുന്ന കാക്കി കുപ്പായക്കാർ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കിൽ ആഭ്യന്തര മന്ത്രിയും സർക്കാരും നിയമത്തെ നീതിയുടെ വഴിയെ നടപ്പാക്കിക്കൊണ്ട് അക്കാര്യം അറിയിക്കണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു.
ആരൊക്കെയോ നടത്തിയ മ്ലേച്ഛമായ സൈബർ അക്രമത്തിന്റെ പേരിൽ ഡോ. അബ്ദുള്ള ബാസിലിനെ പ്രതിയാക്കാൻ വെമ്പൽകൊണ്ടവർ, ഖേദം പ്രകടിപ്പിച്ചിട്ടും (പറഞ്ഞതിനെ ഒരുതരത്തിലും ഒരു ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിലും) സണ്ണി എം കപിക്കാടിനെതിരെ കേസെടുത്ത് മിടുക്ക് കാണിച്ചവർ, അപർണ്ണ കുറുപ്പിന്റെ ഖേദപ്രകടനത്തെ മാത്രം മാനിച്ച് അവർക്കെതിരേയുള്ള കേസിൽ നടപടി എടുത്തതായും കാണുന്നില്ല. ഇതൊക്കെ എന്ത് തരം നീതീകരണമാണ് ജനാധിപത്യ മതേതര മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തരുന്നതെന്നും ജിന്റോ ചോദിച്ചു.
ആരിഫ് ഹുസൈൻ തെരുവത്ത് 2026 ഓഗസ്റ്റ് 12 ന് ഡോ. അബ്ദുള്ള ബാസിലിന്റെ വീട്ടിലെ സ്ത്രീകളേയും മുസ്ലിം സ്ത്രീകളെ പൊതുവായും ലൈംഗികമായി അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടു. അന്നേ ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇക്കാര്യത്തിലുള്ള പരാതി കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഓഫീസുകളിൽ നിന്ന് ആ പരാതി സൈബർ ക്രൈം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് മുഖേന കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ഫോർവേർഡ് ചെയ്തിരുന്നു. എന്നാൽ അവിടം മുതൽ ഫ്രീസറിലിരിക്കുന്ന ആ പരാതിയിൽ ഇതുവരെ FIR ഇട്ടതായി അറിവില്ല. ആരിഫ് ഹുസൈൻ പിന്നീടും പലവട്ടം ലൈംഗിക അധിക്ഷേപ, സ്ത്രീവിരുദ്ധ പോസ്റ്റുകളിട്ടു. അതെല്ലാം ചൂണ്ടിക്കാണിച്ച് വീണ്ടും പരാതികൾ കൊടുത്തെങ്കിലും അതെല്ലാം തണുപ്പിക്കാൻ വച്ചിരിക്കുകയാണ്. അയാൾ തുടരുന്ന സ്ത്രീവിരുദ്ധ, മതവിദ്വേഷപരമായ, വർഗ്ഗീയ താത്പര്യത്തിലൂന്നിയ തുടർ പ്രചരണങ്ങൾക്ക് പോലീസിലെ ചിലരുടെ മൗനപിന്തുണയുമുണ്ടെന്ന് സംശയിക്കാൻ ഇടവരരുത്.
ആരിഫ് ഹുസൈൻ തെരുവത്ത് ഒരുതരത്തിലും സ്ത്രീപക്ഷ നിലപാടുള്ളയാളല്ല. അതയാളുടെ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട രീതിയിൽ അമ്മമാരേയും സ്ത്രീകളേയും അഭിസംബോധന ചെയ്യാനാകുക? അയാൾ മുസ്ലിം സ്ത്രീകളുടെ വിമോചനമെന്ന പേരിൽ പറഞ്ഞുക്കൂട്ടുന്നതെല്ലാം തികഞ്ഞ ഇസ്ലാമോഫോബിയയും വർഗ്ഗീയതയുമാണ്. സ്വയം എക്സ് മുസ്ലിം എന്ന് അഡ്രസ്സ് ചെയ്യുന്ന അയാൾ ഇസ്ലാം ഫോളോ ചെയ്തിരുന്ന കാലത്ത് അയാളുടെ പോസ്റ്റിൽ പറഞ്ഞപ്രകാരമാണോ വീട്ടിലെ സ്ത്രീകളെ കണ്ടിരുന്നത്? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. അങ്ങനെ ആണെങ്കിൽ അയാൾ ഒരുതരത്തിലും ഒരു പരിഷ്കൃത സമൂത്തിന് യോജിച്ച ആളല്ല. അത്രമേൽ വൃത്തികെട്ട മനസ്ഥിതിയാണ് അയാളെ ഇപ്പോൾ നയിക്കുന്നത്. അപരന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ഇത്തരം വൃത്തികേടുകൾ പറയാൻ അയാൾക്ക് ഒരുതരത്തിലുമുള്ള അവകാശമില്ല.
മതവിശ്വാസികളായ സ്ത്രീകളെ ലൈംഗീകമായി ആക്ഷേപിക്കുന്നതല്ല സ്ത്രീപക്ഷ, സ്ത്രീസമത്വ, ലിംഗനീതിയുടെ ജനാധിപത്യ ബോധം. അയാളെ നയിക്കുന്നത് അന്ധമായ ഇസ്ലാം വിരുദ്ധതയും മതവെറിയും വർഗ്ഗീയതയുമാണ്.
സംഘപരിവാറിന്റെ ഷാഡോ പണിയെടുക്കുന്ന ആരിഫ് ഹുസൈനെതിരെ ഇനിയും കേസെടുക്കാൻ മടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തികഞ്ഞ സംഘപരിവാർ ബോധത്താൽ നയിക്കപ്പെടുന്നവരാണ്. അവർ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പോലീസ് നയമല്ല ഫോളോ ചെയ്യുന്നത്. ആരിഫ് ഹുസൈന്റെ സംഘിബോധത്തെ ഫോളോ ചെയ്യുന്ന ഏമാന്മാർ രാഹുൽ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന ഭരണഘടനാ മൂല്യങ്ങളുടെ യുഡിഎഫ് രാഷ്ട്രീയത്തെ അൺഫോളോ ചെയ്യുന്നു. വി ഡി സതീശനേക്കാൾ വലിയ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയേക്കാൾ വലിയ ആഭ്യന്തരമന്ത്രിയും ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഇല്ലെന്ന് കരുതുന്നു. കണ്ണുള്ളവർ കണ്ടും കാതുള്ളവർ കേട്ടും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. ജിന്റോ ജോൺ പ്രതികരിച്ചു.
അതേസമയം, അബ്ദുല്ല ബാസിലിന് എതിരായ കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ച് പി.വി അൻവർ രംഗത്തെത്തി. അബ്ദുള്ള ബാസിലിനെതിരെ സ്വീകരിച്ച നിയമനടപടികൾ നിർത്തിവെക്കാൻ എടുത്ത തീരുമാനം അങ്ങേയറ്റം ശ്ലാഘനീയമാണെന്നും മുമ്പും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുള്ള പരിണിതപ്രജ്ഞനായ ആഭ്യന്തരമന്ത്രിയുടെ പക്വവും നീതിയുകതവുമായ ഇടപെടലാണിതെന്നും അൻവർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്തായിരുന്നോ പോലീസ് അതിൽ നിന്നും പൂർണ്ണമായും ഇന്നും പൊലീസിൽ പലരും മാറിയിട്ടില്ല എന്നുള്ളത് സത്യമാണ്. എന്നിരുന്നാലും,ഓപ്പറേഷൻ തൂഫാൻ പോലുള്ള ജനങ്ങളുടെ ഹിതമറിഞ്ഞ നടപടികളിലൂടെ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം പ്രശംസനീയവുമാണ്. പോലീസിന്റെ മുഖച്ഛായയും പ്രതിച്ഛായയും അടിമുടി മാറ്റാൻ ഈ സർക്കാരും ആഭ്യന്തരമന്ത്രിയും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കേരളത്തിന്റെ ആകെ അംഗീകാരം ലഭിക്കും എന്നാണ് പ്രതീക്ഷ.
കഴിഞ്ഞ സർക്കാരിനെ താഴെയിറക്കാൻ കാരണമായ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അതിപ്രധാനമാണ്. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ തന്നെ ഇത്തരം തിരുത്തൽ നടപടികൾ സേനയുടെ “മനോവീര്യം” ചോർത്തിക്കളയും എന്ന ന്യായം പറഞ്ഞ പിണറായി സർക്കാരിന്റെ മേലുള്ള ആത്മവിശ്വാസം അവസാനം സഖാക്കൾക്ക് തന്നെ നഷ്ടപ്പെടുന്നത് കണ്ടതിന് നാമെല്ലാവരും സാക്ഷികളാണ്. ജനങ്ങളാണ്,അവരുടെ വിഷയങ്ങളാണ്,അവർക്ക് അവർ തെരഞ്ഞെടുത്ത സർക്കാറിലുള്ള വിശ്വാസമാണ്”അതുതന്നെയാണ് മുൻഗണനയർഹിക്കുന്ന വിഷയമെന്നും അൻവർ പറഞ്ഞു.







