12 മുതൽ 15 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാകും
ദുബായ്- ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ക്ലിക്ക് ആന്റ് ട്രാവൽ സേവനം ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഏകദേശം 12 മുതൽ 15 സെക്കൻഡിനുള്ളിൽ ഓരോ നടപടിക്രമങ്ങളും പൂർത്തിയാക്കാനും സാധിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സേവനത്തിന്റെ സമാരംഭം പ്രഖ്യാപിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽമരി, എയർപോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ത്വലാൽ അഹ്മദ് അൽശൻഖീതി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തിരക്കേറിയ സമയങ്ങളിലും, അടിയന്തിര സാഹചര്യങ്ങളിലും മറ്റും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പ്രോസസ്സിംഗ് കാര്യക്ഷമത മെച്ചപ്പെടുത്താനുമായി പുതിയ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നു.
ബയോമെട്രിക് ഫിംഗർപ്രിന്റ് സാങ്കേതികവിദ്യ, മുഖം തിരിച്ചറിയൽ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ്, ഓട്ടോമേറ്റഡ് പ്രീ-സ്‌ക്രീനിംഗ്, സുരക്ഷിതമായ ആശയവിനിമയ ശൃംഖലയിലൂടെ യാത്രക്കാരുടെ വിവരങ്ങളിലേക്കുള്ള തൽക്ഷണ ആക്‌സസ് എന്നിവ ഈ സേവനം സംയോജിപ്പിക്കുന്നതായി അധികൃതർ പറഞ്ഞു.
2026 മെയ് മാസത്തിനും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പൈലറ്റ് ഘട്ടത്തിൽ 31,373 യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ക്ലിക്ക് ആന്റ് ട്രാവൽ സേവനം വഴി പ്രോസസ്സ് ചെയ്തിരുന്നു.
2025 ഒക്ടോബറിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3-ൽ യാത്രക്കാർക്കായി സേവനം സജീവമാക്കിയതോടെയാണ് ആദ്യ പൈലറ്റ് ഘട്ടം ആരംഭിച്ചത്. 2026 മെയ് മാസത്തിൽ രണ്ടാം പൈലറ്റ് ഘട്ടം ദുബായ് വിമാനത്താവള ടെർമിനലുകളിലുടനീളമുള്ള എല്ലാ യാത്രാ വിഭാഗങ്ങളിലേക്കും സേവനം വികസിപ്പിച്ചു. വിജയകരമായ പൈലറ്റ്, വിപുലീകരണ ഘട്ടങ്ങൾക്ക് ശേഷമാണ് ഇന്നലെ സേവനത്തിന്റെ ഔദ്യോഗിക സമാരംഭം പ്രഖ്യാപിച്ചത്.
ക്ലിക്ക് ആന്റ് ട്രാവൽ സേവനം യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ജി.സി.സി പൗരന്മാർക്കും സന്ദർശകർക്കും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







