തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്നും ഈ സേവനങ്ങള്‍ ഇനി സൗജന്യമായിരിക്കില്ലെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി മാനേജ്‌മെന്റ് മുമ്പത്തെപ്പോലെ ആയിരിക്കില്ല. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെയും ഒമാന്റെയും പരമാധികാരത്തില്‍ ആര്‍ക്കും കൈകടത്താന്‍ കഴിയില്ല. ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റ് യുദ്ധത്തിന് മുമ്പുള്ളതുപോലെ ആയിരിക്കില്ലെന്ന് അബ്ബാസ് അറാഖ്ജി പറഞ്ഞു.
ഹോര്‍മുസ് നിസ്സംശയമായും ഇറാന്റെയും ഒമാന്റെയും പരമാധികാരത്തിന് കീഴിലാണ്. ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര ജലപാതയില്ല. വര്‍ഷങ്ങളായി, ഈ ജലപാത എല്ലാ കപ്പലുകള്‍ക്കും മുന്നില്‍ തുറന്നുകിടക്കുകയായിരുന്നു. ഇറാനും ഒമാനും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ, എല്ലാ സേവനങ്ങളും സൗജന്യമായിരുന്നു. ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഒമാനുമായി നല്ല കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇത് ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും ഇറാന്‍ വിദേശ മന്ത്രി കൂട്ടിചേർത്തു.



