ജിദ്ദ: മേഖലയിലെ നയതന്ത്ര, സുരക്ഷാ സമവാക്യങ്ങളെ മാറ്റിയെഴുതി സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഇന്ന് ജിദ്ദയിൽ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെക്കുമെന്ന് വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തോളമായി തുടരുന്ന ത്രിരാഷ്ട്ര ചർച്ചകൾക്കാണ് ഇതോടെ പൂർണ്ണവിരാമമാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17-ന് റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഒപ്പുവെച്ച ചരിത്രപരമായ പ്രതിരോധ കരാറിന്റെ തുടർച്ചയായാണ് തുർക്കിയെക്കൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളിലൊന്നിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതാണ് ഈ തന്ത്രപ്രധാന കരാറിന്റെ പ്രധാന വ്യവസ്ഥ.
ഉച്ചകോടിയിൽ പങ്കെടുക്കാനായി തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ജിദ്ദയിലെത്തും. ഉച്ചകോടിക്ക് ശേഷം മൂന്ന് രാഷ്ട്രത്തലവന്മാരും ചേർന്നാകും കരാർ ഔദ്യോഗികമായി ഒപ്പുവെക്കുക. മൂന്ന് പ്രമുഖ മുസ്ലിം രാഷ്ട്രങ്ങൾ കൈകോർക്കുന്നതോടെ മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ വെല്ലുവിളികളെ സംയുക്തമായി നേരിടാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







