ന്യൂദൽഹി: ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്ദ്-ഖേഡയിൽ വരാനിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാൾ പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായുമായി ലുലു ഡയറക്ടർ എം.എ യൂസഫലിയും സംഘവും പങ്കുവെച്ചു. അമിത് ഷായുടെ ന്യൂദൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
പദ്ധതിയുടെ പുരോഗതിയും രൂപരേഖയും മന്ത്രിക്ക് വിശദമായി വിവരിച്ചു നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും, ഇതിൽ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും എം.എ യൂസഫലി പറഞ്ഞു. മേഖലയുടെ വ്യാവസായിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ ഷോപ്പിംഗ് മാൾ പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







