കൊച്ചി- മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റുമായിരുന്നു. എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം, എ.കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് കെ.പി. ധനപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്,, എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നോർത്ത് പറവൂർ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. തുടർന്ന് എറണാകുളം ഡി.സി.സിയുടെ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ഉയർന്ന അദ്ദേഹം 2001 മുതൽ 2007 വരെ എറണാകുളം ഡി.സി.സി പ്രസിഡന്റായി ചുമതല വഹിച്ചു. കെ.പി.സി.സിയുടെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനാ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
2009-ലെ പതിനഞ്ചാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം വൻ വിജയം നേടി പാർലമെൻ്റിലെത്തി. എന്നാൽ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ തമ്മിൽ പരസ്പരം വച്ചുമാറിയതിനെ തുടർന്ന് തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. നേരത്തെ, 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയിരുന്നെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം അദ്ദേഹത്തിന് മത്സരരംഗത്തുനിന്ന് പിന്മാറേണ്ടി വന്നിരുന്നു.
പാർലമെന്ററി രംഗത്തിന് പുറമെ തദ്ദേശഭരണ മേഖലയിലും മറ്റ് പൊതു പദവികളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 1979 മുതൽ 1984 വരെ നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും, 1995 മുതൽ 2000 വരെ മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. 1980-1982 കാലഘട്ടത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും, 2005-2006 കാലയളവിൽ മിൽമ (ക്ഷീരകർഷക ക്ഷേമനിധി ബോർഡ്) ചെയർമാനായും, 2007-2009 കാലത്ത് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1950 ഏപ്രിൽ 4-ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ കെ.കെ. പങ്കജാക്ഷൻ്റെയും മാധവിയുടേയും മകനായാണ് കെ.പി. ധനപാലൻ ജനിച്ചത്. ആലുവ യു.സി കോളേജിൽ നിന്നാണ് അദ്ദേഹം ബി.എസ്.സി കെമിസ്ട്രി ബിരുദം നേടിയത്.



