ദൈനംദിന ജീവിതത്തിൽ കൈകാലുകളിലോ സന്ധികളിലോ അനുഭവപ്പെടുന്ന വേദന അമിതാധ്വാനത്തിന്റെയോ ക്ഷീണത്തിന്റെയോ ഭാഗമായി നാം തള്ളിക്കളയാറുണ്ട്. എന്നാൽ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്നതും, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കഠിനമാകുന്നതുമായ അസ്ഥിവേദന സാധാരണ ക്ഷീണം മാത്രമാകണമെന്നില്ല. അപൂർവമാണെങ്കിലും ഇത് ‘സർകോമ’ എന്ന അർബുദത്തിന്റെ (Cancer) പ്രാരംഭ ലക്ഷണമാകാം.
ശരീരത്തിലെ അസ്ഥികളെയോ പേശികൾ, കൊഴുപ്പ്, ടെൻഡൺ, രക്തക്കുഴലുകൾ, നാഡികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള മൃദുകലകളെയോ (Soft tissues) ബാധിക്കുന്ന അർബുദങ്ങളെയാണ് സർകോമ എന്ന് വിളിക്കുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലും ഒരുപോലെ കണ്ടുവരുന്ന ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തിൽ കുറവാണ്. അസ്ഥിവേദനയെ നിസ്സാരമായി കാണാതെ കൃത്യസമയത്ത് തിരിച്ചറിയേണ്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
പ്രാരംഭ ലക്ഷണങ്ങൾ
സാധാരണ പേശിവേദനകളിൽ നിന്നോ ക്ഷീണത്തിൽ നിന്നോ വ്യത്യസ്തമായി സർകോമയുടെ ഭാഗമായി ഇനിപ്പറയുന്ന ലക്ഷണങ്ങൾ പ്രകടമായേക്കാം:
വിശ്രമിച്ചാലും മാറാത്ത വേദന: വിശ്രമിച്ചാലും കുറയാത്ത അസ്ഥിവേദനയും, രാത്രിയിലോ ഉറക്കത്തിലോ കഠിനമാകുന്ന വേദനയും പ്രത്യേകം ശ്രദ്ധിക്കണം.
വീക്കവും തടിപ്പും: അസ്ഥിയിലോ മൃദുകലകളിലോ വേദനയോടൊപ്പം ക്രമേണ വലിപ്പം കൂടുന്ന വീക്കമോ തടിപ്പോ കാണപ്പെടുക.
ചലന പ്രയാസം: കാൽമുട്ട്, തോൾ, കൈകൾ എന്നിവയ്ക്ക് സമീപമാണ് രോഗമെങ്കിൽ ആ ഭാഗങ്ങൾ അനായാസം ചലിപ്പിക്കാൻ സാധിക്കാതെ വരിക.
പാത്തോളജിക്കൽ ഫ്രാക്ചറുകൾ (Pathological Fractures): വലിയ ആഘാതങ്ങളോ അപകടങ്ങളോ ഇല്ലാതെ തന്നെ അസ്ഥികൾ എളുപ്പത്തിൽ ഒടിയുന്ന അവസ്ഥ.
പൊതുവായ ലക്ഷണങ്ങൾ: അകാരണമായ ശരീരഭാരം കുറയുക, കഠിനമായ ക്ഷീണം തുടങ്ങിയവ ചിലരിൽ പ്രകടമാകാം (ഇവ എല്ലാവരിലും ഉണ്ടാകണമെന്നില്ല).
കാരണങ്ങളും അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും
സർകോമയുടെ കൃത്യമായ കാരണം ഇന്നും വ്യക്തമല്ലെങ്കിലും, കോശങ്ങളിലുണ്ടാകുന്ന ജനിതക മാറ്റങ്ങളാണ് ഇതിന് വഴിവെക്കുന്നതെന്ന് കരുതപ്പെടുന്നു. എങ്കിലും ചില ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്:
ജനിതക ഘടകങ്ങൾ: ലി-ഫ്രോമേനി സിൻഡ്രോം (Li-Fraumeni syndrome), ഹെറിഡിറ്ററി റെറ്റിനോബ്ലാസ്റ്റോമ (Hereditary retinoblastoma) തുടങ്ങിയ അപൂർവ്വ ജനിതക വ്യതിയാനങ്ങൾ ഉള്ളവരിൽ സർകോമ സാധ്യത കൂടുതലാണ്.
റേഡിയേഷൻ തെറാപ്പി: മറ്റ് അർബുദ ചികിത്സകൾക്കായി മുൻപ് ഉയർന്ന അളവിൽ റേഡിയേഷൻ തെറാപ്പിക്ക് വിധേയരായവരിൽ വർഷങ്ങൾക്ക് ശേഷം അസ്ഥി അർബുദം വരാൻ സാധ്യതയുണ്ട്.
പ്രായം: കൗമാരപ്രായത്തിൽ, പ്രത്യേകിച്ച് അസ്ഥികളുടെ വളർച്ച വേഗത്തിൽ നടക്കുന്ന കാലഘട്ടത്തിൽ ‘ഓസ്റ്റിയോസർകോമ’ കൂടുതലായി കണ്ടുവരുന്നു.
നേരത്തെയുള്ള രോഗനിർണ്ണയം പ്രധാനം
സർകോമ ചികിത്സയിൽ ഏറ്റവും നിർണ്ണായകമായ ഘടകം രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുക എന്നതാണ്. കുട്ടികളിലുണ്ടാകുന്ന അസ്ഥിവേദനയെ സാധാരണ വളർച്ചയുടെ ഭാഗമായുള്ള വേദനയായോ (Growing pains), മുതിർന്നവരിൽ ആർത്രൈറ്റിസ് ആയോ തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് രോഗം സങ്കീർണ്ണമാക്കാറുണ്ട്.
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന അസ്ഥിവേദനയോ വലിപ്പം കൂടുന്ന വീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഓർത്തോപീഡിക് അല്ലെങ്കിൽ ഓങ്കോളജി വിദഗ്ധനെ കാണേണ്ടതാണ്. എക്സ്റേ, എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയിലൂടെ രോഗം വിലയിരുത്തുകയും ബയോപ്സിയിലൂടെ (Biopsy) അന്തിമ രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നു. ബയോപ്സി ചെയ്യേണ്ട രീതിയും സ്ഥലവും സർകോമ ചികിത്സാ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം നിർണ്ണയിക്കേണ്ടത്.
രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ മികച്ച ചികിത്സാഫലവും പൂർണ്ണ രോഗമുക്തിയും നേടാൻ സാധിക്കും. സമയോചിതമായ പരിശോധനയും ചികിത്സയുമാണ് സർകോമയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.






