മലപ്പുറം- വിവിധ സർവേകളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലഭിക്കുന്ന വലിയ പിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളുടെ ഈ വികാരം കൂടി പരിഗണിച്ചാകും വരുംദിവസങ്ങളിൽ യു.ഡി.എഫ് ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. ഒന്നും ചോദിച്ചുവാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അർഹതപ്പെട്ട പരിഗണന പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ മന്ത്രിസഭയിൽ അടക്കം ലീഗിന് അർഹമായ പ്രാതിനിധ്യവും നല്ല പരിഗണനയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക ആവശ്യങ്ങളുമായി മുന്നോട്ട് പോകാൻ പാർട്ടിക്ക് പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ 16 നിയമസഭാ സീറ്റുകളിലും ഇത്തവണ യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ സർവേകളിൽ പ്രവചിക്കപ്പെട്ടതിനേക്കാൾ കൂടുതൽ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നാണ് താൻ കരുതുന്നത്. ഒരു ഏജൻസി മാത്രമല്ല, മിക്കവാറും എല്ലാ സർവേകളും യു.ഡി.എഫിന്റെ വിജയമാണ് പ്രവചിക്കുന്നത് എന്നത് മുന്നണിക്ക് വലിയ കരുത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



