ദുബായ്: ദുബായിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വൈ. വിഷ്ണുവർധൻ റെഡ്ഡി വൈകാതെ ചുമതലയേൽക്കും. യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ ഔദ്യോഗിക പത്രങ്ങൾ കൈമാറിയ ശേഷം അദ്ദേഹം ചുമതലയേൽക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന സതീഷ് കുമാർ ശിവന് പകരക്കാരനായാണ് അദ്ദേഹം എത്തുന്ന്.
തെലങ്കാനയിലെ വാറംഗൽ സ്വദേശിയായ ഡോ. റെഡ്ഡി, 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്.) ഉദ്യോഗസ്ഥനാണ്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, തുടർന്ന് നയതന്ത്ര രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.
യുനൈറ്റഡ് നേഷൻസ് (UN), യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാന സർക്കാരിൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ്‌സ് വിഭാഗം സ്‌പെഷ്യൽ സെക്രട്ടറിയായും ഹൈദരാബാദിൽ റീജ്യനൽ പാസ്‌പോർട്ട് ഓഫീസറായും (RPO) സേവനമനുഷ്ഠിച്ചിട്ടുണ്ട്.






