വാഷിംഗ്ടൺ: ലെബനനും ഇസ്രായേലും തമ്മിൽ വ്യാഴാഴ്ച അർധരാത്രി മുതൽ പത്തുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് സമാധാന നീക്കത്തിന് ഇരുരാജ്യങ്ങളും സമ്മതിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഈ വെടിനിർത്തലിനെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനുമായി ട്രംപ് ഫോണിൽ ദീർഘനേരം ചർച്ച നടത്തിയിരുന്നു. വെടിനിർത്തൽ നടപ്പിലാക്കാനും മേഖലയിലെ അസ്ഥിരത പരിഹരിക്കാനും ട്രംപ് നടത്തുന്ന ഇടപെടലുകൾക്ക് ജോസഫ് ഔൻ നന്ദി രേഖപ്പെടുത്തി. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന ലെബനന്റെ അഭ്യർത്ഥന നിറവേറ്റാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ഉറപ്പുനൽകി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഇസ്രായേൽ-ലെബനീസ് നേതാക്കൾ ഇത്തരം ചർച്ചകളിൽ പങ്കാളികളാകുന്നതെന്നും ഇത് സംഘർഷം ലഘൂകരിക്കാൻ വഴിയൊരുക്കുമെന്നും ട്രംപ് പ്രത്യാശിച്ചു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രിയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ലെബനൻ ഇപ്പോൾ തയ്യാറല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പൂർണ്ണമായ വെടിനിർത്തൽ ഉണ്ടാകുന്നതുവരെ കൂടുതൽ ഉന്നതതല ചർച്ചകൾക്കില്ലെന്നാണ് ലെബനന്റെ നിലപാട്. നിലവിലെ സൈനിക നടപടികളും സംഘർഷങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര മധ്യസ്ഥതയിലുള്ള നീക്കങ്ങളുമായി മാത്രമേ സഹകരിക്കൂ എന്ന് ലെബനൻ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. സമഗ്രമായ സമാധാനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നയതന്ത്ര നീക്കം ശ്രദ്ധേയമാകുന്നത്.



