മസ്‌കത്ത് – ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് പാലക്കാട് തൃത്താല സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു. കൂറ്റനാട് തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. ഈദ് ആഘോഷത്തിന്റെ ഭാഗമായി വിനോദയാത്ര പോയി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ വെച്ച് ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികളുൾപ്പെടെ മറ്റ് ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല.
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (CDAA) നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് രാജ്യം വലിയ പ്രളയക്കെടുതിയിലാണ്. മസ്‌കത്ത് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ വാദികൾ (പുഴകൾ) മുറിച്ചുകടക്കരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ഒമാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 30 വരെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.



