മനാമ– ബഹ്‌റൈനിലെ ജിദ്ഹാഫ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ ഈ അപകടം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് സുഹൃത്തുക്കളാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു റെസ്റ്റോറന്റിലെ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ കാർ യാത്രക്കാരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബഹ്‌റൈൻ ട്രാഫിക് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



