റിയാദ് – റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ജിസാനിലും ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍, പ്രൊജക്ടൈല്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കി. റിയാദില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
റിയാദില്‍ ആക്രമണ ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെ അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ജിദ്ദ തുറമുഖത്ത് ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമവും പരാജയപ്പെടുത്തി. ജിദ്ദ തുറമുഖത്ത് ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തുറമുഖ പരിസരത്തു വെച്ച് തടഞ്ഞ് തകര്‍ത്തു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ല. പശ്ചിമ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച ക്രൂയിസ് മിസൈലും കിഴക്കന്‍ പ്രവിശ്യക്കു നേരെ തൊടുത്തുവിട്ട രണ്ട് ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞ് തകര്‍ത്തു.
ഇന്നലെ സന്ധ്യക്ക് ജിസാന്‍ തുറമുഖത്തിനു നേരെയും ഹൂത്തികള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. ഹൂത്തികള്‍ തൊടുത്തുവിട്ട പ്രൊജക്ടൈല്‍ ജിസാന്‍ തുറമുഖത്ത് പതിച്ചു. ആക്രമണത്തില്‍ തുറമുഖത്തിന് ചെറിയ നാശനഷ്ടങ്ങള്‍ നേരിട്ടു. ആര്‍ക്കും പരിക്കില്ല. ആക്രമണത്തിന് ഉപയോഗിച്ച പ്രൊജക്ടൈല്‍ ഇനം നിര്‍ണയിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരെ സൗദി അറേബ്യ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി, സൗദിയിലെ ജിസാന്‍, ജിദ്ദ തുറമുഖങ്ങള്‍ തങ്ങള്‍ ആക്രമിച്ചതായി ഹൂത്തികള്‍ അറിയിച്ചു. ഈ രണ്ട് ആക്രമണങ്ങളിലും ലക്ഷ്യമിട്ട സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞു. ജിസാന്‍ തുറമുഖത്ത് പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സഖ്യസേന റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹൂത്തി വക്താവിന്റെ പ്രസ്താവന പുറത്തുവന്നത്.



