കൊളംബോ– ശ്രീലങ്കൻ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേന ഇന്ത്യയിൽ നിന്ന് മടങ്ങിയതാണെന്ന് റിപ്പോർട്ട്. യുദ്ധക്കപ്പലിനെ ടോർപിഡോ ചെയ്ത് കടലിൽ മുക്കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത് സ്ഥിരീകരിച്ചു. ഇന്ത്യൻ നാവികസേന ആതിഥ്യം വഹിച്ച മിലൻ നാവികാഭ്യാസത്തിൽ പങ്കെടുത്ത് വിശാഖപട്ടണത്തുനിന്നു മടങ്ങുകയായിരുന്ന, ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. യുഎസ് അന്തർ വാഹിനിയാണ് ദേനയ്ക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യം അമേരിക്ക പുറത്തുവിട്ടു. കപ്പൽ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 110 പേരെ കാണാതായി എന്നും വിവരമുണ്ട്. മുങ്ങിയ കപ്പലിൽ നിന്ന് ശ്രീലങ്കൻ നാവികസേന 32 പേരെ രക്ഷപ്പെടുത്തിയതായി ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പറഞ്ഞിരുന്നു.
ശ്രീലങ്കയുടെ സമുദ്ര കടമകൾക്ക് അനുസൃതമായാണ് തങ്ങൾ രക്ഷാപ്രവർത്തനം നടത്തിയതെന്നും തലസ്ഥാനമായ കൊളംബോയിൽ നിന്ന് 115 കിലോമീറ്റർ (70 മൈൽ) തെക്ക് ഗല്ലെയിലയിലെ പ്രധാന ആശുപത്രിയിലേക്ക് 32 ഇറാൻ നാവികരെ മാറ്റിയതായും നാവിക വക്താവ് ബുദ്ധിക സമ്പത്ത് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഞങ്ങളുടെ തിരച്ചിൽ, രക്ഷാപ്രവർത്തന മേഖലക്കുള്ളിൽ ആയതിനാൽ, ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകൾക്ക് കീഴിലുള്ള ദുരന്ത നിവാരണ ആഹ്വാനത്തോട് ഞങ്ങൾ പ്രതികരിച്ചുവെന്നും സമ്പത്ത് എ.എഫ്.പിയോട് ചൂണ്ടികാട്ടി. മറ്റൊരു രാജ്യത്തിന്റെ സൈന്യം ഉൾപ്പെട്ടതിനാൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നില്ലെന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും അറിയിച്ചു. പരിക്കേറ്റ ഇറാനികളെ പ്രാദേശിക നാവികസേന ഗല്ലെ ആശുപത്രിയിൽ എത്തിച്ചതിനാൽ ആശുപത്രിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



