മസ്കത്ത്– ഒമാന്റെ വാണിജ്യ തുറമുഖമായ ദുഖ്മിന് (Duqm) നേരെ ഞായറാഴ്ച രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതിനെത്തുടർന്ന് ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഇന്ധന ടാങ്കുകൾക്ക് സമീപമാണ് വീണതെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ ഭരണകൂടം, രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ ഒമാൻ നേരിട്ട് ആക്രമിക്കപ്പെടുന്നത് ഇതാദ്യമായാണ് എന്നത് മേഖലയിലെ ഭീതി വർധിപ്പിക്കുന്നു.



