അബുദാബി- അബുദാബി രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ പുരസ്കാരം നേടി മലയാളി ഫോട്ടോഗ്രാഫർ. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ റിയാസ് മുഹമ്മദാണ് 35ാമത് അബുദാബി രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് അറബിക് ലാംഗ്വേജ് സെന്റർ സംഘടിപ്പിച്ച ‘ദി ഇമേജ് ആസ് വിറ്റ്നസ്’ മത്സരത്തിലെ ഡോക്യുമെന്ററി ഫോട്ടോഗ്രഫി വിഭാഗത്തിൽ സമ്മാനം നേടിയത്.
5,000 ദിർഹവും (1.3 ലക്ഷം രൂപ) ഫ്യുജി ഫിലിം ക്യാമറയുമാണ് സമ്മാനം. 24രാജ്യങ്ങളിൽനിന്നുള്ള 57 ഫോട്ടോഗ്രഫർമാർ പങ്കെടുത്ത മത്സരത്തിൽ അബുദാബിയിലെ പഴക്കമേറിയ ചരിത്രസ്മാരകമായ ഖസർ അൽ ഹൊസന്റെ വിവിധ ദൃശ്യങ്ങൾ വ്യത്യസ്ത കാഴ്ചപ്പാടുകളിൽ പകർത്തിയ ചിത്രങ്ങളാണ് പരിഗണിച്ചത്.
ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ളവരാണ് മൽസരത്തിലെ ജേതാക്കൾ. ദുബായ് പൊലീസിന്റെത് ഉൾപ്പെടെ നിരവധി ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള റിയാസ് നാലു തവണ ഹംദാൻ ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡും (ഹിപ), സോണി വേൾഡ് ഫോട്ടോഗ്രഫി അവാർഡും നേടിയിട്ടുണ്ട്.
അബുദാബി യാസ് ഐലൻഡിൽ ഡിജിറ്റിൽഫാം അനിമേഷൻ ടീം ലീഡറായ റിയാസ് ഭാര്യ റംസീന, മക്കളായ അമ്റ് അലിം, അംമ്ന മെഹ്ക് എന്നിവർക്കൊപ്പം അബുദാബിയിലാണ് താമസം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







