റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസയില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഇന്ന് മുതല്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി നടത്തുന്ന ഈ ടെസ്റ്റ് സംബന്ധിച്ച് ഇന്നലെയാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. മറ്റു ഗാര്‍ഹിക വിസകള്‍ക്ക് ഇപ്പോള്‍ ടെസ്റ്റ് നിര്‍ബന്ധമില്ല.
ഹൗസ് ഡ്രൈവര്‍ എന്നറിയപ്പെടുന്ന പ്രൈവറ്റ് ഡ്രൈവര്‍ (സായിഖ് ഖാസ്) വിസയില്‍ ജോലി തേടി പോകുന്നവര്‍ക്ക് സ്‌കില്‍ ടെസ്റ്റ് ഏര്‍പ്പെടുത്തുമെന്ന് മുംബൈ സൗദി കോണ്‍സുലേറ്റും സൗദി എംബസിയും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല. ഇന്നലെയും നിരവധി പേരുടെ വിസകള്‍ ടെസ്റ്റ് നടപടിക്രമങ്ങളില്ലാതെ പൂര്‍ത്തിയാക്കിയിരുന്നു. രാത്രിയോടെയാണ് സൗദി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദില്‍ സ്‌കില്‍ ടെസ്റ്റ് ഒപ്ഷന്‍ അപ്‌ഡേറ്റ് ചെയ്തത്. ഇനി ടെസ്റ്റില്ലാതെ ഹൗസ് ഡ്രൈവര്‍ വിസ സ്റ്റാമ്പ് ചെയ്യാനാകില്ല.
നിലവില്‍ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ് കേന്ദ്രമുള്ളത്. അതായത് കൊച്ചി കേന്ദ്രത്തില്‍ അപോയിന്‍മെന്റ് എടുത്ത് ടെസ്റ്റ് പൂര്‍ത്തിയാക്കേണ്ടിവരും. അഹമ്മദാബാദ്, അജ്മീര്‍, ബംഗളുരു, ഗാസിയാബാദ്, ലക്‌നോ, മധുരൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു ടെസ്റ്റ് കേന്ദ്രങ്ങള്‍. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇന്ത്യയിലെ ടെസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സ്‌കില്‍ ടെസ്റ്റ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റില്‍ നല്‍കി അപോയിന്‍മെന്റെടുത്താണ് ടെസ്റ്റിന് ഹാജരാകേണ്ടതെന്ന് ട്രാവല്‍ ഏജന്‍സികള്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് ലേബര്‍ കാറ്റഗറിയിലുള്ള വിസകള്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഇപ്പോള്‍ ലോഡിംഗ് അന്‍ലോഡിംഗ് വിസ അടക്കം എല്ലാ ലേബര്‍ വിസകള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണ്. 2030 ഓടെ സൗദിയിലെ തൊഴില്‍ മേഖല സമ്പൂര്‍ണമായി പരിഷ്‌കരിക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.







