കാബൂൾ- കിഴക്കൻ അഫ്ഗാനിസ്താാൻ ലക്ഷ്യമാക്കി പാക്കിസ്താൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുനാർ പ്രവിശ്യയിൽ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു വീട് പൂർണമായി തകരുകയും ചെയ്തു. കൊല്ലപ്പെട്ട മൂന്ന് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.
അതേസമയം ഈ ആക്രമണത്തിൽ 28 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തിൽ മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താൻ വൃത്തങ്ങൾ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ പോലീസ് ലൈനിലെ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അഫ്ഗാൻ പ്രദേശത്ത് പാക്കിസ്താൻ വ്യോമാക്രമണം നടത്തുന്നത്.







