വാഷിംഗ്ടണ്‍ – ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലുടനീളമുള്ള ഡസന്‍ കണക്കിന് കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണങ്ങള്‍ക്കിടയില്‍, യു.എസ് സൈന്യം ഇറാനെതിരെ വലിയ തോതിലുള്ളതും തുടര്‍ച്ചയായതുമായ സൈനിക നടപടി ആരംഭിച്ചതായി ട്രംപ് പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി തുടച്ചുനീക്കും. അമേരിക്കക്കാരെ സംരക്ഷിക്കുക എന്നതാണ് ഓപ്പറേഷന്റെ ലക്ഷ്യം. ഇറാന്‍ ഇനി ഒരു ആണവ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്ക ഉറപ്പാക്കും. ഇറാന്‍ വര്‍ഷങ്ങളായി യു.എസ് ലക്ഷ്യങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍ ഭരണകൂടം പതിറ്റാണ്ടുകളായി അമേരിക്കക്ക് മരണം എന്ന് മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നമുക്ക് അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം. യുദ്ധത്തില്‍ സംഭവിക്കുന്നത് അതാണ്. ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ യു.എസ് സേനയെയും വിദേശങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങളെയും ഭീഷണിപ്പെടുത്തുന്നു. നിങ്ങളുടെ ആയുധങ്ങള്‍ താഴെയിടൂ, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഇല്ലാതാക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇറാന്‍ ഭരണകൂടം മനസ്സിലാക്കും. ഇറാന്‍ ജനതയെ അമേരിക്ക പിന്തുണക്കുന്നു. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തുവരികയാണെന്ന് ഇറാന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ഇറാനുമായി കരാറിലെത്താന്‍ അമേരിക്ക വിപുലമായ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇറാന്‍ വിസമ്മതിക്കുകയായിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. മേഖലയിലെ യു.എസ് താവളങ്ങളും എംബസികളും ഇറാന്‍ ലക്ഷ്യമിടുന്നത് അമേരിക്ക പ്രതീക്ഷിച്ചിരുന്നതായി യു.എസ് ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ, പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍, എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇസ്രായില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ വിശാലമായ ആക്രമണങ്ങളുടെ ലക്ഷ്യം ഇറാനില്‍ ഭരണ അട്ടിമറി ആണെന്നും നിരീക്ഷകര്‍ വിശ്വസിക്കുന്നു. ഒമാന്റെ മധ്യസ്ഥതയില്‍ മൂന്ന് റൗണ്ടുകളിലായി ഇരുപക്ഷവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കും ആഴ്ചകളോളം ആവര്‍ത്തിച്ചുള്ള യു.എസ് ഭീഷണികള്‍ക്കും സൈനിക ഓപ്ഷന്‍ പരിഗണിക്കുമെന്ന ട്രംപിന്റെ പ്രസ്താവനകള്‍ക്കും പിന്നാലെയാണ് ഈ നാടകീയ സംഭവവികാസങ്ങള്‍ ഉണ്ടായത്.



