കുവൈത്ത് സിറ്റി – കുവൈത്തില്‍ നിര്‍ബന്ധിത സൈനിക സേവനം എന്നറിയപ്പെടുന്ന പുതിയ ദേശീയ സൈനിക സേവന നിയമം പ്രാബല്യത്തില്‍വന്നു. പുതിയ നിയമം മുന്‍കാല പോരായ്മകള്‍ പരിഹരിക്കുകയും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ചുമത്തുകയും ചെയ്യുന്നു. 18 വയസ്സ് തികഞ്ഞ ഓരോ കുവൈത്ത് പൗരനും 180 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട സൈനിക സേവന അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഇത് പാലിക്കാത്തവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കും. സര്‍ക്കാര്‍, സര്‍ക്കാരിതര തസ്തികകളിലേക്ക് സ്വദേശി പൗരന്മാരെ നിയമിക്കുന്നതിന് സൈനിക സേവന സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥയാണെന്നും നിയമം അനുശാസിക്കുന്നു. 2012 ജനുവരി 1 ന് മുമ്പ് ജനിച്ചവരും, പൊതുതാല്‍പ്പര്യത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായി മന്ത്രിസഭ നിര്‍ണ്ണയിക്കുന്ന മറ്റുള്ളവരും ഉള്‍പ്പെടെ, സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട അഞ്ച് വിഭാഗങ്ങളെ പുതിയ നിയമം വ്യക്തമാക്കുന്നു.
സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെ പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 വ്യക്തമാക്കുന്നു. ഇതില്‍ കോളേജുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സൈനിക പഠന സ്‌കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. കരസേന, പോലീസ്, നാഷണല്‍ ഗാര്‍ഡ്, ജനറല്‍ ഫയര്‍ ഫോഴ്സ് എന്നിവയില്‍ സൈനിക റാങ്കുകളില്‍ നിയമിതരായവരെയും ഈ വകുപ്പുകളില്‍ സന്നദ്ധസേവനം നടത്തുന്നവരെയും നിര്‍ബന്ധിത സൈനിക സേവന നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഇവരുടെ സേവന കാലാവധി അഞ്ച് വര്‍ഷത്തില്‍ കുറയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും സേവന കാലാവധി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അഗ്‌നിശമന സേനാംഗങ്ങളെയും, മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പഠനമോ സേവനമോ പൂര്‍ത്തിയാക്കിയവരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍ബന്ധിത സൈനിക സേവന നിയമത്തിന്റെ പ്രായോഗിക പ്രയോഗം, ചില വിടവുകളും പോരായ്മകളും പരിഹരിക്കുന്നതിന് അതിന്റെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തി. ദേശീയ പ്രതിരോധ സംവിധാനം വികസിപ്പിക്കുക, അതിന്റെ മാനവ വിഭവശേഷി സുസജ്ജത വര്‍ധിപ്പിക്കുക, ദേശീയ സുരക്ഷയുടെ ആവശ്യകതകളും നിയമനിര്‍മ്മാണ, സാമൂഹിക നീതിയുടെ ആവശ്യകതകളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്.



