കയ്‌റോ – പഴയനിയമത്തിലെ മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച്, ഇസ്രായിലിന് മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ബൈബിള്‍ അവകാശം ഉണ്ടെന്ന് വാദിച്ചുകൊണ്ട് ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ അങ്ങേയറ്റം തീവ്രമായ പ്രസ്താവനകളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ഗെയ്ത്ത് കടുത്ത ഭാഷയില്‍ അപലപിച്ചു. ഹക്കബിയുടെ പ്രസ്താവനകള്‍ നയതന്ത്രത്തിന്റെ എല്ലാ അടിസ്ഥാനങ്ങള്‍ക്കും സ്ഥാപിത മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണ്. ഇത് യുക്തിരഹിതവും വിവേകശൂന്യവുമാണ്. അവ യു.എസ് നയങ്ങള്‍ക്കും അമേരിക്ക പിന്തുടര്‍ന്നുവരുന്ന ചരിത്രപരമായ നിലപാടുകള്‍ക്കും വിരുദ്ധമാണ്. യു.എസ് അംബാസഡറുടെ പ്രസ്താവനകള്‍ ഇസ്രായിലിലെ തീവ്രവലതുപക്ഷ വിഭാഗങ്ങളെ പ്രീതിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങളെ ജ്വലിപ്പിക്കുകയും മതപരവും ദേശീയവുമായ വികാരങ്ങളെ ഇളക്കിവിടുകയും ചെയ്യും. ഗാസയില്‍ സമാധാന കരാര്‍ നടപ്പാക്കാനും സമാധാന പാത ആരംഭിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനും പീസ് ബോര്‍ഡിന് കീഴിലെ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് യു.എസ് അംബാസഡര്‍ കടുത്ത തീവ്രവാദ പ്രസ്താവന നടത്തിയതെന്നും അഹ്‌മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായിലിന് മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ അവകാശം ഉണ്ടെന്ന് ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞത്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ പുറത്തുവന്ന ഹക്കബിയുടെ പ്രസ്താവന മേഖലയില്‍ രോഷാകുലമായ പ്രതികരണങ്ങള്‍ക്ക് കാരണമായി.
നീണ്ട അഭിമുഖത്തില്‍, പഴയനിയമത്തിലെ വാഗ്ദത്ത ഭൂമിയുടെ ബൈബിള്‍, തോറ പ്രവചന വ്യാഖ്യാനത്തെ ആശ്രയിച്ചാണ് ഹക്കബി വിവാദ പരാമര്‍ശം നടത്തിയത്. നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെയുള്ള വിശാലമായ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്രായിലിന് തോറ അവകാശം ഉണ്ടെന്ന് അദ്ദേഹം വാദിച്ചു. മേഖല മുഴുവന്‍ ഇസ്രായില്‍ നിയന്ത്രിക്കുകയാണെങ്കില്‍ അത് നല്ലതും സ്വീകാര്യവും ആയിരിക്കുമെന്ന് യു.എസ് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. വിവാദമായതോടെ ഇസ്രായില്‍ നിലവില്‍ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും തന്റെ അഭിപ്രായം അതിശയോക്തിപരം ആയിരുന്നന്നും ഹക്കബി പിന്നീട് വ്യക്തമാക്കി.



