തിരുവനന്തപുരം– ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്ത്. ഈ സാഹചര്യത്തിൽ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം (SIT) വീണ്ടും ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛനെ കാണാനാണ് താൻ എത്തിയതെന്നായിരുന്നു കടകംപള്ളിയുടെ ആദ്യ വിശദീകരണമെങ്കിലും, അദ്ദേഹം വീണ്ടും പോറ്റിയുടെ വീട്ടിലെത്തിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ.
നിലവിൽ ജാമ്യത്തിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് എസ്.ഐ.ടി അന്വേഷിക്കുന്നതിനിടയിലാണ് പുതിയ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കടകംപള്ളിയിൽ നിന്ന് ചോദിച്ചറിയാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതോടൊപ്പം തന്നെ, കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.



