റിയാദ്- കഴിഞ്ഞ നാല് പതിറ്റാണ്ടായി ആഗോള വിപണിയിൽ വിശ്വസ്തത നേടിയ ‘വിജയ്’ മസാലക്കെതിരെ സൗദി അറേബ്യയിൽ നിരന്തരം പ്രചരണം നടത്തിവന്ന ബ്രാൻഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കി സൗദി അപ്പീൽ കോടതി ഉത്തരവ്. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ‘വിജയ്’ ബ്രാൻഡിന് അനുകൂലമായ വിധി.
വിജയ് മസാലയുടെ പേര് മാറിയെന്ന രീതിയിൽ വിപണിയിൽ വലിയ പ്രചാരണം നടത്തിയിരുന്നു. ജീവനക്കാരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമമെന്നും എന്നാൽ, ഗുണമേന്മയിൽ ഏറെ മുന്നിൽ നിൽക്കുന്ന വിജയ് മസാലയുടെ തനിമയും 40 വർഷത്തെ പാരമ്പര്യവും അനുകരിക്കാനുള്ള ബ്രാൻഡിന്റെ ശ്രമങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പരാജയപ്പെടുകയായിരുന്നുവെന്നും വിജയ് മാനേജ്മെന്റ് പറഞ്ഞു.
നേരത്തെ സൗദിയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഈ ബ്രാൻഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ തള്ളി കീഴ്കോടതി വിധി അപ്പീൽ കോടതി പൂർണ്ണമായും ശരിവെച്ചു. ഇതോടെ ഈ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാകും.
വിജയ് മസാലക്കെതിരെ സൗദി വിപണിയിൽ നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്നും യഥാർത്ഥ വിജയ് ഉൽപ്പന്നങ്ങളും വ്യാജ ബ്രാൻഡും തമ്മിലുള്ള ഗുണനിലവാരത്തിലെ വ്യത്യാസം ഉപഭോക്താക്കൾ തിരിച്ചറിഞ്ഞതാണ് ഇവർക്ക് വിപണിയിൽ തിരിച്ചടിയായതെന്നും വിജയ് മാനേജ്മെന്റ് അറിയിച്ചു.
40 വർഷം മുമ്പ് ദേവസ്സി മൂലൻ അങ്കമാലിയിൽ തന്റെ മക്കളേയും ചേർന്ന് ആരംഭിച്ച മൂലൻസ് ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്റാണ് വിജയ്. സ്വന്തം ഫാക്ടറികളിൽ ഉൽപ്പാദിപ്പിച്ച് നേരിട്ട് വിപണിയിൽ എത്തിക്കുന്നതിലൂടെ മിതമായ വിലയും ഉയർന്ന ഗുണമേന്മയും വിജയ് ഉറപ്പുനൽകുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ വിജയ് മസാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് പുതിയ കോടതി വിധിയെന്നും വിജയ് മാനേജ്മെന്റ് പറഞ്ഞു.



