തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന നവ വധു വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. കൊട്ടാരക്കര ബാർ കൗൺസിലിൽ അഭിഭാഷകയാണ് കൃപ. ഭർത്താവ് അഖിൽ ജിത്തിന് പരുക്കേറ്റു.
ആറ്റിങ്ങൽ മാമം ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. ജോലി ആവശ്യത്തിന് തിരുവനന്തപുരം പോയി മടങ്ങിവരുന്നതിനിടെ, നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ ലോറി കയറിയിറങ്ങി തൽക്ഷണമായിരുന്നു മരണം. അഖിൽ ജിത്ത് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ആഗസ്ത് 21-നായിരുന്നു ഇരുവരുടെയും വിവാഹം. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group