ജിദ്ദ- ഈ വർഷത്തെ ഹജ് കർമ്മത്തിനിടെ കാണാതായ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(72) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചതായി കുടുംബം ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മുഹമ്മദിന്റെ മരണവിവരം ദ മലയാളം ന്യൂസിനോട് മക്കയിലെ സാമൂഹ്യപ്രവർത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂർ സ്ഥിരീകരിച്ചു.
പിതാവിനെ കണ്ടെത്തണം എന്നഭ്യർത്ഥിച്ച് മകൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിവേദനം നൽകിയിരുന്നു. പിതാവിനെ കാണാതായതിനെ തുടർന്ന് കുവൈത്തിലുള്ള മകനും നേരത്തെ സൗദിയിലെത്തിയിരുന്നു.
മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
മക്കയിലുള്ള ഒട്ടേറെ സന്നദ്ധ പ്രവർത്തകരാണ് മുഹമ്മദിന് വേണ്ടിയുള്ള തെരച്ചിലിൽ പങ്കെടുത്തത്. മക്കയിലെയും ജിദ്ദയിലെയും വിവിധ ആശുപത്രികളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.