ബുറൈദ- അല്‍ഖസീം പ്രവിശ്യയില്‍ ബസ് മറിഞ്ഞ് നാലു പേര് മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ സുരക്ഷാ അന്വേഷണ സംഘം, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച്, അപകടത്തിന്റെ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാനും വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, റിയാദ് പ്രവിശ്യയില്‍ പെട്ട സുല്ഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ ബസ് അപകടത്തില്‍ സൗദി കുടുംബത്തിലെ നാലു വനിതകള്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഹാ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍സുനൈദി, റീം ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍സുനൈദി, ലാനാ ബിന്ത് അബ്ദുല്‍അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍സുനൈദി, ലമീസ് ബിന്ത് അബ്ദുല്‍അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍സുനൈദി എന്നിവരാണ് മരണപ്പെട്ടത്. സുല്‍ഫിയിലെ ഇമാം ഫൈസല്‍ ബിന്‍ തുര്‍ക്കി ജുമാമസ്ജിദില്‍ വെച്ച് ഇന്നലെ രാത്രി ഇശാ നമസ്കാരത്തിനു ശേഷം മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി മയ്യിത്തുകള്‍ സുല്‍ഫിയില്‍ ഖബറടക്കി.



