റിയാദ്: സൗദി വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയ്ക്ക് സമീപമുള്ള സബൂഹ ഗ്രാമത്തിലടക്കം പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക പ്രവിശ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യ തൊടുത്തുവിട്ട മിസൈലുകളാണ് സൈന്യം തകർത്തത്.
സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഹൂത്തികളുടെ ആക്രമണാത്മക സമീപനത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവമറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തുകയും, ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുകയും ചെയ്തു.
പടിഞ്ഞാറൻ സൗദിയിൽ ആക്രമണം നടത്താൻ ഹൂത്തികൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, കിഴക്കൻ പ്രവിശ്യയിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം ഇന്ന് പുലർച്ചെ സൈന്യം പരാജയപ്പെടുത്തി. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോൺ വെടിവെച്ചിടുകയായിരുന്നു.
അതേസമയം, ഇന്നലെ രാത്രി തായിഫ്, യാമ്പു, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ അപകടസാധ്യതയുള്ളതായി ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ വഴി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു. അപകടസാധ്യത നീങ്ങിയതായി സിവിൽ ഡിഫൻസ് പിന്നീട് അറിയിക്കുകയും ചെയ്തു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉടനടി ജാഗ്രതാ നിർദ്ദേശങ്ങൾ അയക്കുന്നതിനുള്ള സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക മുന്നറിയിപ്പ് സംവിധാനമാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം.



