റിയാദ്- റിയാദ് പ്രവിശ്യയില്‍ പെട്ട സുല്‍ഫിയില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയ മൂന്ന് ഡ്രൈവര്‍മാര്‍ അടക്കം നാലു പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ കാറുകള്‍ ഒഴുക്കില്‍ പെട്ടത്. വെള്ളപ്പൊക്ക സമയത്ത് അശ്രദ്ധമായി താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിച്ച് ഗതാഗത നിയമം ലംഘിച്ചതിന് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപിച്ച് പിഴ ചുമത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മലവെള്ളപ്പാച്ചിലിനിടെ താഴ്വരകള്‍ മുറിച്ചുകടക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു. ജീവനും സ്വത്തും സംരക്ഷിക്കാന്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് എല്ലാവരോടും അഭ്യര്‍ഥിച്ചു.
മലവെള്ളപ്പാച്ചിലിനിടെ താഴ്വരകള്‍ മുറിച്ചുകടക്കുന്നത് ജീവന് അപകടപ്പെടുത്തുന്ന ഗുരുതരമായ പ്രവൃത്തിയാണെന്നും 10,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത നിയമ ലംഘനമാണെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.



