റിയാദ്- പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രവാസി ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ജനകീയ മാസ് ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിവേദനം നോർക്കാ സെക്രട്ടറിക്കും കൈമാറിയതായി അറിയിച്ചു.
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിച്ച് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഉയർന്ന പ്രീമിയം താങ്ങാനാകാതെ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷയിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് പ്രത്യേക ഇളവും സർക്കാർ സബ്സിഡിയും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികളുടെ അംശാദായം ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും നാലുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്ത് തുടർന്നുള്ള പെൻഷൻ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കണമെന്നും കേളി ആവശ്യപ്പെട്ടു.
പ്രവാസികളുടെ തൊഴിൽ, ആരോഗ്യം, കുടുംബസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനും ശക്തമായ ക്ഷേമസംവിധാനം ഒരുക്കണം. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികളുടെ സുരക്ഷ, നാട്ടിലേക്കുള്ള മടക്കയാത്ര, മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ എന്നിവയ്ക്ക് പ്രത്യേക സഹായസംവിധാനം ഏർപ്പെടുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കക്ഷിരാഷ്ട്രീയത്തിനതീതമായി കേളി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണത്തിൽ പങ്കാളികളായ പ്രവാസികളുടെ വികാരവും ആവശ്യങ്ങളുമാണ് നിവേദനത്തിലൂടെ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.
നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സമർപ്പിച്ചത്. പ്രതിപക്ഷ നേതാവിനും പകർപ്പും കൈമാറി.



