റിയാദ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 7 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി വാങ്ങാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ (റീബുക്കിംഗ്) അവസരമുണ്ടാകും.
സർവീസുകളുടെ താൽക്കാലിക സമയക്രമം:
- റിയാദ്, ദമാം: നവംബർ 7 വരെ സർവീസുകൾ ഉണ്ടാകില്ല.
- ജിദ്ദ: ഒക്ടോബർ 31 വരെ സർവീസുകൾ റദ്ദാക്കി.
2026 ഒക്ടോബർ 24-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് സൗജന്യ റീബുക്കിംഗിനും പൂർണ്ണ റീഫണ്ടിനും അർഹതയുള്ളത്. ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് എയർലൈനുകൾ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റുമായോ കസ്റ്റമർ കെയറുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.



