ന്യൂയോർക്ക്– ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യു.എൻ രക്ഷാസമിതിയിലെ അടിയന്തര പരിഷ്കരണം അനിവാര്യമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി യോഗത്തിലാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള പ്രതിസന്ധികളെ നേരിടുന്നതിനും അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും സംയുക്തമായ നടപടികൾ അത്യാവശ്യമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ജനറൽ അസംബ്ലിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ രക്ഷാസമിതി ഘടനയിൽ ജനാധിപത്യ സ്വഭാവവും പ്രാതിനിധ്യവും കുറവാണെന്ന് സൗദി വിമർശിച്ചു.
രക്ഷാസമിതിയിൽ അംഗത്വം വർധിപ്പിച്ച് സമകാലിക ആഗോള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ ന്യായമായ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കണം. നിർണായക സന്ധികളിൽ അന്താരാഷ്ട്ര തീരുമാനങ്ങളെ തളർത്തുന്ന രീതിയിൽ വീറ്റോ അധികാരം ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുണ്ട്.
വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ, അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ എന്നിവ നടത്തുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കാതിരിക്കാൻ ഇത്തരം വിഷയങ്ങളിൽ വീറ്റോ അവകാശം ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ ആന്തരിക പ്രവർത്തനരീതികൾ മെച്ചപ്പെടുത്തുകയും ജനറൽ അസംബ്ലിയുമായുള്ള ഏകോപനം വർധിപ്പിക്കുകയും വേണം. സർവത്രിക നീതിയും സമഗ്രമായ പരിഷ്കരണവും ഉറപ്പാക്കുന്നതിനായുള്ള അന്തർ ഗവൺമെന്റൽ ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കാൻ തയ്യാറാണെന്നും സൗദി അറേബ്യ അറിയിച്ചു.



