ഷാർജ– സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ പോലീസ് രംഗത്ത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹമിൽ കുറയാത്ത പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബോധവൽക്കരണ വീഡിയോയിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാവസായിക തീപിടിത്തങ്ങളുടെ പഴയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഭയാനകമായ സന്ദേശങ്ങൾ ആധികാരികത പരിശോധിക്കാതെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകൾ പരസ്പരം കൈമാറുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങളിൽ അനാവശ്യ പരിഭ്രാന്തിയും ഉത്കണ്ഠയും സൃഷ്ടിക്കുമെന്ന് ഷാർജ പോലീസ് അവയർനസ് ബ്രാഞ്ച് ഡയറക്ടർ മേജർ സൗദ് അൽഷൈബ മുന്നറിയിപ്പ് നൽകി.
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 52 പ്രകാരമാണ് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. വ്യാജ വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ ഭയവും ആശങ്കയും പരത്തുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും, ഏതൊരു വിവരവും മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും ഷാർജ പോലീസ് നിർദ്ദേശിച്ചു.



