റിയാദ്: ഹൂത്തി ആക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ചിട്ട റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് (ഞായർ) മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഒന്നും രണ്ടും ടെർമിനലുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. തുടക്കത്തിൽ സൗദി വിമാനക്കമ്പനികളുടെ സർവീസുകൾ മാത്രമായിരിക്കും ഉണ്ടാകുക.
ഒന്നാം നമ്പർ ടെർമിനൽ ആഭ്യന്തര സർവീസുകൾക്കും രണ്ടാം നമ്പർ ടെർമിനൽ അന്താരാഷ്ട്ര സർവീസുകൾക്കുമായി നീക്കിവെച്ചിട്ടുണ്ട്. ടെർമിനലുകൾ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ, കൺഫേം ചെയ്ത ബുക്കിംഗുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
യാത്രാ നടപടികൾ വേഗത്തിലാക്കാനും തിരക്ക് ഒഴിവാക്കാനും യാത്രക്കാർ വിമാനത്താവള നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് റിയാദ് എയർപോർട്ട് വക്താവ് വ്യക്തമാക്കി.
تنويه للمسافرين الكرام https://t.co/ICDmH20RSU
— مطار الملك خالد الدولي (@KKIASA) October 24, 2026
ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു
അതേസമയം, കഴിഞ്ഞ ദിവസം അർദ്ധരാത്രി റിയാദിന് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സഖ്യസേന വിജയകരമായി തടഞ്ഞതായി വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ഡ്രോൺ തകർത്തു.
ഈ മാസം 10-നുണ്ടായ ഹൂത്തി ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.



