മക്ക- വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽമദനി നിര്യാതനായി. 51 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വിശുദ്ധ ഹറമിലെ 24 മുഅദ്ദിനുകളിൽ ഒരാളായിരുന്നു. ഇവരിൽ ആറ് പേർ ദിവസേന ഊഴമനുസരിച്ച് അഞ്ച് നേരത്തെ നമസ്കാരത്തിനുള്ള ബാങ്കും സുബ്ഹി ബാങ്കിന് മുമ്പുള്ള ബാങ്കും വിളിക്കുന്നു. ശൈഖ് ഇബ്രാഹിം അൽമദനി പതിവായി സുബ്ഹി ബാങ്കാണ് വിളിച്ചിരുന്നത്. ഇതിന് പുറമെ നമസ്കാരങ്ങളിൽ തബ്ലീഗ് ദൗത്യവും (ഇമാമിന്റെ പിന്നിൽ നിന്ന് ഇമാമിന്റെ തക്ബീറത്തും നമസ്കാരത്തിനിടെയുള്ള ചലനങ്ങളും ഉച്ചത്തിൽ വിശ്വാസികളെ അറിയിക്കുന്ന ജോലി) നിർവഹിച്ചിരുന്നു.
വിശുദ്ധ ഹറമിലെ തന്റെ ആദ്യ ബാങ്ക് വിളിയെ കുറിച്ച് അശ്റഖത്ത് പോഡ്കാസ്റ്റിലെ മുൻ അഭിമുഖത്തിൽ ശൈഖ് ഇബ്രാഹിം അൽമദനി സംസാരിച്ചിരുന്നു. തന്റെ ശബ്ദം കേട്ട് കഅബയെ പ്രദക്ഷിണം ചെയ്യുന്ന വിശ്വാസികളെ കണ്ടപ്പോൾ താൻ കരഞ്ഞുപോയി എന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഈ പുണ്യസ്ഥലത്ത് എന്റെ ശബ്ദം ഉയരാൻ ഞാൻ ആരാണ് എന്ന് താൻ സ്വയം ചോദിച്ചതായും ശൈഖ് ഇബ്രാഹിം അൽമദനി അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







