ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദുബായ് പോലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു.
ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് ദുബായ് മീഡിയ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
എ.ആർ.എം. ഹോളിഡിങ്സ് , ദുബായ് റിയൽ എസ്റ്റേറ്റ് സെന്റർ എന്നിവയുടെ ഗ്രൂപ്പ് ചെയർമാൻ, അൽ വസൽ എഫ് സി ക്ലബ്ബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
അന്തരിച്ച മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെ മകനാണ് പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹേഴ്സ്റ്റിൽ നിന്ന് ബിരുദം നേടിയ ശേഷം ദുബായിലെ സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.







