കുവൈത്ത് സിറ്റി- നിയമവിരുദ്ധ ലൈംഗിക ഉത്തേജക മരുന്ന് നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത ഇന്ത്യൻ യുവാവിനെയും സിറിയക്കാരനെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ നിയമവിരുദ്ധ ലൈംഗിക ഉത്തേജക മരുന്നുകൾ വിൽപ്പന നടത്തുന്ന സിറിയക്കാരനെ കുറിച്ച് ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മുത്ലഅ് ഏരിയയിൽ വെച്ച് അന്വേഷണോദ്യോഗസ്ഥർ സിറിയക്കാരനെ അറസ്റ്റ് ചെയ്തു. ലൈംഗിക ഉത്തേജക മരുന്നുകളും മരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും പ്രതിയുടെ പക്കൽ കണ്ടെത്തി. ഇന്ത്യക്കാരനിൽ നിന്നാണ് തനിക്ക് ഉത്തേജക മരുന്നുകൾ ലഭിക്കുന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.
കുവൈത്തിൽ മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം: 15 പ്രതികൾക്ക് തടവ് ശിക്ഷ
സിറിയക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരനെ ഫർവാനിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗുളികകളും മറ്റു വസ്തുക്കളും പൊടിച്ച് ചേർത്തും കൂട്ടിക്കലർത്തിയും ഇന്ത്യക്കാരൻ താമസസ്ഥലത്തു വെച്ച് ഉത്തേജക മരുന്നുകൾ നിർമ്മിക്കുന്നതായി കണ്ടെത്തി. വിദേശത്തു നിന്ന് എത്തിച്ച ലൈംഗിക ഉത്തേജക മരുന്നുകളും ഇന്ത്യക്കാരന്റെ താമസസ്ഥലത്ത് കണ്ടെത്തി. വ്യത്യസ്ത ഇനം ഉത്തേജക മരുന്നുകൾ അടങ്ങിയ 151 കാർട്ടനുകളും മരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 226 കുവൈത്തി ദീനാറും റെയ്ഡിനിടെ പിടികൂടി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.







