മസ്‌കത്ത് – ഒമാൻ സമൈല്‍ വിലായത്തില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌കത്തിലേക്കുള്ള റൂട്ടിലെ സമൈലിലെ വാദി ബനീ റവാഹ പ്രദേശത്തെ സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡില്‍ ട്രക്കും ഏതാനും വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.
പ്രദേശത്തു കൂടി സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആദ്യം ആവശ്യപ്പെട്ടെങ്കിലും മരണസംഖ്യ വെളിപ്പെടുത്തിയില്ല. ഇന്ന് രാവിലെ പുറത്തിറക്കിയ അപ്ഡേറ്റില്‍, ആറ് പേര്‍ മരണപ്പെട്ടതായും 18 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. സമൈലിലെ അല്‍മഹല്‍ പ്രദേശത്താണ് അപകടം നടന്നതെന്നും പോലീസ് അറിയിച്ചു. റോയല്‍ ഒമാന്‍ പോലീസ് ഇതുവരെ കൂട്ടിയിടിയുടെ കാരണം വിശദീകരിച്ചിട്ടില്ല.







