അബുദാബി– എണ്ണ ടാങ്കറില്‍ നിന്ന് കടലിലേക്ക് എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് ഉമ്മുല്‍ഖുവൈനിലെ മുഴുവന്‍ കടല്‍ത്തീരങ്ങളും തീരപ്രദേശങ്ങളും താല്‍ക്കാലികമായി അടച്ചു. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തെ സാങ്കേതിക നിരീക്ഷണ, പരിസ്ഥിതി വിലയിരുത്തല്‍ സംവിധാനം വഴിയാണ് എണ്ണ ചോര്‍ച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവര ലഭിച്ചയുടൻ തന്നെ എണ്ണ പടരുന്നത് തടയാനും സമുദ്ര പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം ലഘൂകരിക്കാനുമുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. ഫെഡറല്‍, പ്രാദേശിക അധികൃതരുമായി സഹകരിച്ച് പ്രത്യേക സംഘങ്ങൾ സ്ഥലത്ത് സജീവമാണ്. ചോർച്ചയുണ്ടായ പ്രദേശം വേര്‍തിരിക്കുക, എണ്ണ നീക്കം ചെയ്യുക, പരിസ്ഥിതി പുനഃസ്ഥാപിക്കുക തുടങ്ങിയ ജോലികൾ പുരോഗമിക്കുകയാണ്.
പരിസ്ഥിതി ആഘാതത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാൻ തീരപ്രദേശങ്ങളില്‍ വിപുലമായ സര്‍വേകളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്. സമുദ്രജീവികളെ സംരക്ഷിക്കാന്‍ ആവശ്യമായ പ്രത്യേക നടപടികളും സ്വീകരിച്ചുവരുന്നു. സാങ്കേതിക സംഘങ്ങളുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയായി സുരക്ഷ ഉറപ്പാക്കുന്നത് വരെ ബീച്ചുകളുടെ അടച്ചിടല്‍ തുടരും. ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ട ദുര്‍ഗന്ധം ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് താമസക്കാര്‍ക്ക് മന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങളും ശുചീകരണ നടപടികളും തുടരുന്നതിനാല്‍, മത്സ്യത്തൊഴിലാളികളും കടലുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും കര്‍ശനമായി ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി ഒഴിവാക്കണം. വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.



