കുവൈത്ത് സിറ്റി: മയക്കുമരുന്ന്, ലഹരി ഗുളികകൾ, മദ്യം എന്നിവയുമായി മൂന്നംഗ സംഘത്തെ കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ചതെന്ന് കരുതുന്ന 4,01,000 കുവൈത്തി ദീനാർ (ഏകദേശം 11 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള പണവും സ്വർണവും വിലകൂടിയ വാച്ചുകളും പോലീസ് പിടിച്ചെടുത്തു.
കൃത്യമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് പ്രതികളെ വലയിലാക്കിയത്. ലഹരിവസ്തുക്കളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പ്രതികൾ അനധികൃതമായി സൂക്ഷിക്കുകയും, ഒരു ഭാഗം വിലകൂടിയ വാച്ചുകൾ, സ്വർണം എന്നിവയിലേക്ക് മാറ്റി വെളുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
പിടിച്ചെടുത്ത വസ്തുക്കൾ:
120 ലിറിക്ക ക്യാപ്‌സൂളുകൾ
150 ഗ്രാം ലിറിക്ക പൗഡർ
60 ലഹരി ഗുളികകൾ
3 കുപ്പി മദ്യം
40,000 കുവൈത്തി ദീനാർ
3,11,000 ദീനാർ വിലമതിക്കുന്ന 7 കിലോ സ്വർണം
50,000 ദീനാർ വിലവരുന്ന 4 ആഡംബര വാച്ചുകൾ
ഡിജിറ്റൽ തുലാസ്
അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിവ്യാപാരികൾക്കെതിരെയും അവയുടെ സാമ്പത്തിക സ്രോതസ്സുകൾക്കെതിരെയും കർശന നടപടികൾ തുടരുമെന്ന് സുരക്ഷാസേന അറിയിച്ചു.







