റിയാദ്- വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത വിഹിതമായ സി. എസ്. ആർ ഫണ്ടുകൾ പ്രധാനമായും വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്കുപയോഗിക്കണമെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്‌സ് ഡെവലപ് മെന്റ് ഫൗണ്ടേഷൻ (എച്ച് ആർ ഡി എഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ആരംഭിച്ച അന്താരാഷ്ട്ര വ്യവസായ സാമൂഹിക ഉത്തരവാദിത്ത സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം അറേബ്യൻ ചാനലായ എം.ബി.സിയോട് സംസാരിക്കുകയായിരുന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിലാണ് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഈ ആഗോള സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ലോകത്തെമ്പാടുമുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സംരംഭകരും ഓരോ വർഷവും ബില്യൻ കണക്കിന് ഡോളറുകളാണ് സി. എസ് .ആർ വിഹിതമായി ചെലവഴിക്കുന്നത്. എന്നാലിതിലധികവും സമൂഹത്തിന്റെ താൽക്കാലികാവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ വലിയൊരു ഭാഗം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ദീർഘകാലത്തേക്ക് ഗുണം ചെയ്യുകയെന്നും അതിന്നായി പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളേർപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എച്ച് ആർ ഡി എഫ് പ്രധാനമായും ചെയ്യുന്നത് ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവത്തനങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ആഗോള സമ്മേളനം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനിയർ അഹമദ് ബിൻ സുലൈമാൻ അൽ റാജിഹി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന ഉത്തരവാദിത്ത വിഹിതം ചെലവഴിക്കുന്നതിൽ ലോകത്ത് സൗദിയുടെ സ്ഥാനം വളരെ മുമ്പിലാണെന്നും കഴിഞ്ഞ അഞ്ച് വർഷം കൊണ്ടു സൗദിയുടെ സ്ഥാനം നാൽപത്തി ഒന്നിൽ നിന്ന് പതിനാറിലേക്കുയർന്നിട്ടുണ്ടെന്നും ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈയൊരു വളർച്ച സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിഷൻ 2030 ന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







