ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം യെമന്‍ സൈനിക വിഭാഗമായ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സ് വിഫലമാക്കി. അസാധാരണ വേഗതയില്‍ അല്‍മുഖാ വൈദ്യുതി നിലയത്തിന് എതിര്‍വശത്തുള്ള നിരോധിത പ്രദേശത്തേക്ക് നീങ്ങിയ ബോട്ട് നാവിക പട്രോളിംഗ് യൂണിറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സൈന്യം ആയുധങ്ങള്‍ ഉപയോഗിച്ച് ബോട്ട് തടയുകയായിരുന്നു. ബോട്ടില്‍ നിറച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് വലിയ സ്‌ഫോടനത്തിനും പുകയ്ക്കും കാരണമായതെന്ന് നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് മിലിട്ടറി മീഡിയ വ്യക്തമാക്കി. സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികള്‍ കഴിഞ്ഞ ദിവസങ്ങളിലും സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി അവകാശപ്പെട്ടിരുന്നു.
പൂർണ്ണ തോതിലുള്ള സംഘർഷ ഭീഷണിയെന്ന് യു.എൻ
മാരിബിലും ഹദ്‌റമൗത്തിലും സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ ഹൂത്തി ആക്രമണങ്ങളെ യെമനിലേക്കുള്ള യു.എന്‍ പ്രതിനിധി ഹാന്‍സ് ഗ്രുണ്ട്‌ബെര്‍ഗ് ശക്തമായി അപലപിച്ചു. ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ യെമനെ വീണ്ടും പൂര്‍ണ്ണ തോതിലുള്ള സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2022 ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്.
വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളിലും പ്രാദേശിക സംഘര്‍ഷങ്ങളുടെ വർദ്ധനവിലും യു.എന്‍ പ്രതിനിധി ആശങ്ക രേഖപ്പെടുത്തി. 2022 ലെ വെടിനിര്‍ത്തലിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുന്ന ഈ സാഹചര്യങ്ങൾ രാജ്യത്തെ വിശാലമായ പ്രാദേശിക ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചേക്കാം.
സമാധാന പാതയിലെത്തിച്ചേരാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പുകളും എല്ലാ കക്ഷികളില്‍ നിന്നും യഥാര്‍ഥ ഇടപെടലും ആവശ്യമാണെന്ന് ഗ്രുണ്ട്ബര്‍ഗ് ഓർമ്മിപ്പിച്ചു. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കഴിഞ്ഞ ആഴ്ചകളില്‍ യെമന്‍ കക്ഷികളുമായും മറ്റ് പങ്കാളികളുമായും തീവ്രമായ ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ട്. സൈനിക നടപടികളുടെ തീവ്രത കുറയ്ക്കല്‍, ജനങ്ങളുടെയും ചരക്കുകളുടെയും സ്വതന്ത്രമായ ചലനം ഉറപ്പാക്കല്‍, സാമ്പത്തിക സ്ഥിരത കൈവരിക്കല്‍, സമഗ്രമായ രാഷ്ട്രീയ പ്രക്രിയ തുടങ്ങിയവയിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. യെമന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യവും യു.എൻ പിന്തുണയും അദ്ദേഹം വീണ്ടും സ്ഥിരീകരിച്ചു.
അതേസമയം, യെമനിലും സൗദി അറേബ്യയിലും നടന്ന ഹൂത്തി ആക്രമണങ്ങളെ യൂറോപ്യന്‍ യൂണിയനും ശക്തമായി അപലപിച്ചു. സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് തികച്ചും അസ്വീകാര്യമാണെന്നും, ഇത് പ്രാദേശിക സ്ഥിരതയ്ക്കും സമാധാന ശ്രമങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. എല്ലാ ആക്രമണങ്ങളും ഉടന്‍ നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.







