കുവൈത്ത് സിറ്റി – എഴുപതില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസി തൊഴിലാളികളെ കുവൈത്തില്‍ നിന്ന് നാടുകടത്തുന്നു. എഴുപതില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസി തൊഴിലാളികളുടെ പദവി ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഴുവന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കും യൂണിയനുകള്‍ക്കും സാമൂഹിക മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.
എഴുപതില്‍ കൂടുതല്‍ പ്രായമുള്ള തൊഴിലാളികളുടെ പട്ടിക വേഗത്തില്‍ തയാറാക്കി, ബന്ധപ്പെട്ട നിയമങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായി, വേതന കുടിശ്ശികകളും സര്‍വീസ് ആനുകൂല്യങ്ങളും മറ്റും തീര്‍ത്ത് നല്‍കുന്നത് ഉറപ്പാക്കി, അവരെ പിരിച്ചുവിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പിരിച്ചുവിടുന്ന തൊഴിലാളികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് 30 ദിവസത്തില്‍ കവിയാത്ത സമയത്തിനകം കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്വദേശിവല്‍ക്കരണം, സ്വദേശികളുടെ ശാക്തീകരണം, പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തന കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തല്‍ എന്നീ പദ്ധതികള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ തീരുമാനമെന്ന് സാമൂഹിക മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി






