റാമല്ല: റേഞ്ച് റോവർ കാറും സ്വർണം പൂശിയ ഐഫോണുമായി നടന്ന യാചകനും ഭാര്യയും ഫലസ്തീനിൽ അറസ്റ്റിൽ. ജറൂസലമിന് സമീപമുള്ള അബൂദീസ് ഗ്രാമത്തിൽ ആഡംബര കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫലസ്തീൻ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതിക്ക് സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്‌സും 1,63,500 ഡോളറോളം (ഏകദേശം അഞ്ച് ലക്ഷത്തിലധികം ഷെക്കൽ) വിലമതിക്കുന്ന റേഞ്ച് റോവർ കാറും സ്വന്തമായുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് വക്താവ് ബ്രിഗേഡിയർ ജനറൽ ലുഅയ് അർസീഖാത്ത് അറിയിച്ചു.
പ്രതിക്ക് സാമ്പത്തിക നിക്ഷേപങ്ങളോ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളോ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടോയെന്ന് കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സ്ഥാവര ജംഗമ വസ്തുക്കൾ മുഴുവൻ കണ്ടെത്തുകയാണ് ലക്ഷ്യം. തുടർ നിയമനടപടികൾക്കായി ദമ്പതികളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായും പോലീസ് വക്താവ് വ്യക്തമാക്കി.






