ഗാസ സിറ്റി: രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമുള്ള തിരച്ചിൽ ദൗത്യത്തിനിടയിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഗാസ അധികൃതർ അറിയിച്ചു. തെക്കൻ ഗാസ നഗരത്തിലെ സ്വബ്‌റ ഡിസ്ട്രിക്റ്റിൽ 136 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 136 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്തതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. 40 കുട്ടികൾ, 38 സ്ത്രീകൾ, ഭിന്നശേഷക്കാരായ ഏഴ് പേർ എന്നിവരുടെ മൃതദേഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ദൗത്യത്തിൽ തങ്ങളും പങ്കാളികളായതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) അറിയിച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി അന്തസ്സോടെ സംസ്കരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ, രണ്ടര വർഷത്തിലേറെയായി ഗാസയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ വലിയ വേദനയിലും അനിശ്ചിതത്വത്തിലുമാണ് ജീവിക്കുന്നതെന്ന് ഐ.സി.ആർ.സി വക്താവ് അമാനി അൽനൗഖ് പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതും അതീവ പ്രാധാന്യമുള്ള മാനുഷിക വിഷയമാണെന്ന് അവർ എ.എഫ്.പിയോട് വ്യക്തമാക്കി.
ലഭ്യമായ വിവരമനുസരിച്ച് പ്രദേശത്തെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും 157 മൃതദേഹങ്ങൾ ഉണ്ടെന്നാണ് കരുതുന്നതെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന സിവിൽ ഡിഫൻസ് ഏജൻസി കേണൽ മുഹമ്മദ് അബൂദാൻ പറഞ്ഞു. കൂറ്റൻ കോൺക്രീറ്റ് സ്ലാബുകളും ഇരുമ്പ് അവശിഷ്ടങ്ങളും കൈകൾ ഉപയോഗിച്ച് നീക്കം ചെയ്തുള്ള തിരച്ചിൽ ഏറെ ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നിലവിലെ യുദ്ധത്തിൽ ഇതുവരെ 73,300-ലേറെ പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കണക്കുകൾ ഐക്യരാഷ്ട്രസഭയും വിശ്വസനീയമായി കണക്കാക്കുന്നു.
2023 ഒക്ടോബർ 7-ന് ഹമാസ് പോരാളികൾ തെക്കൻ ഇസ്രായേലിൽ നടത്തിയ മിന്നലാക്രമണത്തെ തുടർന്നാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. 1948-ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതിന് ശേഷം ഇസ്രായേൽ ജനതയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. അന്ന് 1,221 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.






