ജിദ്ദ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുമെന്നും, അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താൻ പരമാവധി ശ്രമിക്കുമെന്നും മഞ്ചേരി എം.എൽ.എ അഡ്വ. റഹ്മത്തുള്ള പ്രസ്താവിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അടിസ്ഥാനപരമായി ഞാനൊരു തൊഴിലാളി നേതാവാണ്. നാട്ടിലെ തൊഴിലാളികളെപ്പോലെ തന്നെ കഠിനാധ്വാനം ചെയ്യുന്നവരാണ് വിദേശങ്ങളിലുള്ള പ്രവാസികളും. അതുകൊണ്ടുതന്നെ, പ്രവാസി തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുക എന്നത് എന്റെ കൂടി ഉത്തരവാദിത്തമാണ്. എം.എൽ.എ എന്ന നിലയിൽ ഈ കാര്യത്തിൽ കടുത്ത ജാഗ്രത പുലർത്തും. മഞ്ചേരി മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ മെഡിക്കൽ കോളേജിന്റെ നവീകരണത്തിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് എം.എൽ.എ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ ആവശ്യങ്ങൾക്ക് ഏറെ അനിവാര്യമായ സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീകരണ യോഗം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട്, ഇ.പി. ഉബൈദുള്ള, നസീർ ബാവ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, എം.എൽ.എ.യെ ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും, സെക്രട്ടറി നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.



