വാഷിംഗ്ടൺ– ഹൂത്തികൾ നടത്തുന്ന സായുധ ഭീകരത അവസാനിപ്പിക്കുക എന്നത് മാത്രമാണ് യെമനിൽ രാഷ്ട്രീയ ഒത്തുതീർപ്പിലേക്കുള്ള ഏക മാർഗമെന്ന് യു.എസിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി വ്യക്തമാക്കി. ലോക രാജ്യങ്ങളെല്ലാം ഹൂത്തികളെ ഭീകരരായി പ്രഖ്യാപിക്കണമെന്നും അവരുടെ ധനസഹായ സ്രോതസ്സുകൾ വെട്ടിക്കുറച്ച് ആയുധ ലഭ്യത തടയണമെന്നും അവർ ആവശ്യപ്പെട്ടു. ഇറാഖിലെ മൊസൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഐ.എസ് എങ്ങനെയായിരുന്നുവോ അതേ ഭീഷണിയാണ് ഇന്ന് ഹൂത്തികൾ ഉയർത്തുന്നതെന്നും റീമ രാജകുമാരി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമൂഹം ഹൂത്തി ഗ്രൂപ്പിനെതിരെ നിർണായക നടപടി സ്വീകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ഹൂത്തികൾ ഉയർത്തുന്ന ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഇത് പ്രാദേശിക സുരക്ഷയെയും അന്താരാഷ്ട്ര നാവിഗേഷനെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരുപോലെ ബാധിക്കും. വെടിനിർത്തൽ കാലഘട്ടങ്ങളെ മുതലെടുത്താണ് ഹൂത്തികൾ പുതിയ ആക്രമണങ്ങൾക്കായി വീണ്ടും ആയുധങ്ങൾ സജ്ജമാക്കിയത്.
2016 മാർച്ച് മുതൽ ഹൂത്തികൾ സൗദിക്ക് നേരെ ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, കിഴക്കൻ ആഫ്രിക്കയിലെ അൽശബാബ് ഭീകരർക്ക് ബോംബ് നിർമ്മാണത്തിലും ഡ്രോൺ പരിഷ്കരണത്തിലും ഹൂത്തി എൻജിനീയർമാർ പരിശീലനം നൽകിയതായി യു.എൻ അന്വേഷകരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും അവർ ഉദ്ധരിച്ചു.
ആഗോള വ്യാപാരത്തിന്റെ 10 ശതമാനത്തോളം കടന്നുപോകുന്ന ബാബ് അൽമന്ദബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഹൂത്തികളുടെ ഭീഷണിയും സൗദി ഊർജ സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളും അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മുൻപ് അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ ഐ.എസിനെ പരാജയപ്പെടുത്തിയത് പോലെ, പ്രാദേശിക ശ്രമങ്ങളിലൂടെ ഹൂത്തികളെയും പരാജയപ്പെടുത്താൻ സാധിക്കുമെന്ന് റീമ രാജകുമാരി പ്രത്യാശ പ്രകടിപ്പിച്ചു.
2015 മുതൽ യെമൻ സർക്കാരിന്റെ സഹായ അഭ്യർത്ഥന മാനിച്ചാണ് സൗദി അറേബ്യ അവിടെ ഇടപെടുന്ന് പോരുന്നത്. സംഘർഷത്തിന്റെ ആഘാതം അനുഭവിക്കുന്നത് യെമൻ ജനതയാണെന്നും, രാജ്യത്തിന് ഏറ്റവും വലിയ മാനുഷിക സഹായം നൽകുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും അവർ കൂട്ടിച്ചേർത്തു.



